മാമ്പഴം

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു

0 comments:

ഓമനത്തിങ്കള്‍ക്കിടാവ്

ഓമനത്തിങ്കള്‍ക്കിടാവോ – നല്ല
കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ – പരി-
പൂര്‍‍ണ്ണേന്ദു തന്റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ – ചെറു-
തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ – മൃദു-
പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍ കിടാവോ – ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ – പര-
മേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ – എന്റെ
ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പാന്‍ – മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിയ്ക്കു വച്ചോരമൃതോ – കൂരി-
രുട്ടത്തു വെച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ – എന്നും
കേടുവരാതുള്ള മുത്തോ
ആര്‍ത്തിതിമിരം കളവാന്‍ – ഉള്ള
മാര്‍ത്താണ്ഡദേവപ്രഭയോ
സൂക്തിയില്‍ കണ്ട പൊരുളോ – അതി-
സൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി – തന്റെ
കൊമ്പതില്‍ പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ – നാവി-
ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ
കസ്തൂരി തന്റെ മണമോ – നല്ല
സത്തുക്കള്‍ക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ – ഏറ്റം
പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ
കാച്ചിക്കുറുക്കിയ പാലോ – നല്ല
ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ – ബഹു-
ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ – മാര്‍ഗ്ഗ-
ഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ – ഞാനും
തേടിവെച്ചുള്ള ധനമോ
കണ്ണിന്നു നല്ല കണിയോ – മമ
കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ – ഉണ്ണി-
ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ
ലക്ഷ്മീഭഗവതി തന്റെ – തിരു-
നെറ്റിമേലിട്ട കുറിയോ
എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ – പാരി-
ലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന്‍ തന്‍ കൃപയോ – ഇനി
ഭാഗ്യം വരുന്ന വഴിയോ


0 comments:

അശ്വമേധം

ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!

വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?

എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി
നേടിയതാണതിൻ ശക്തികൾ.

വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!

കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;

കാട്ടുചൊലകൾ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;
ഇന്നലത്തെ ചരിത്രം മയങ്ങുന്ന
 മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ

എത്രയെത്ര ശവകുടീരങ്ങളിൽ
ന്രുത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,

എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.

 പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!

എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!

മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-
നെന്നിൽ നാടുണർന്നോരുനാളിക്കുതിരയെ!

ഈ യുഗത്തിന്റെ സാമൂഹ്യശക്തി
ഞാൻ മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!

ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ

0 comments: