അശ്വമേധം

ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!

വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?

എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി
നേടിയതാണതിൻ ശക്തികൾ.

വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!

കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;

കാട്ടുചൊലകൾ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;
ഇന്നലത്തെ ചരിത്രം മയങ്ങുന്ന
 മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ

എത്രയെത്ര ശവകുടീരങ്ങളിൽ
ന്രുത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,

എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.

 പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!

എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!

മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-
നെന്നിൽ നാടുണർന്നോരുനാളിക്കുതിരയെ!

ഈ യുഗത്തിന്റെ സാമൂഹ്യശക്തി
ഞാൻ മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!

ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ

Author

Written by Admin

Thanks for reading this blog section.Please leave your comments and suggestions regarding this post.Wish you all the best for learning malayayalam.

0 comments: